കോട്ടയം : ഒരു വർഷത്തോളം വേദന സഹിച്ച ഒരു വയസ്സുള്ള കുഞ്ഞിൻറെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി ദമ്പതികൾ. പ്രസവ ചികിത്സയിൽ സംഭവിച്ചതാണ് എന്നാണ് ആരോപണം .
കോഴിക്കോട് സ്വദേശിയായ അഞ്ചു വിനീഷിന്റെ കുഞ്ഞിൻറെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. കുഞ്ഞ് ഒരു വർഷമായി വേദന സഹിക്കുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു.കഴിഞ്ഞവർഷമാണ് പ്രസവം നടന്നത്. അതിനുശേഷം നടന്ന ചികിത്സയിൽ സംഭവിച്ചതാണ് എന്നാണ് ആരോപണം. പനിയും മഞ്ഞപ്പും കണ്ടെത്തിയതിനെ തുടർന്ന് എൻ ഐ സി യു വി ലേക്ക് കുഞ്ഞിനെ മാറ്റിയിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിൻറെ ശരീരത്തിൽ തടിപ്പും മറ്റും കണ്ടതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ ഇത് കോട്ടയം മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു. കഴിഞ്ഞദിവസം വീണ്ടും തടിപ്പ് വലിയ രീതിയിൽ കണ്ടപ്പോഴാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കാണിച്ചത്. അവിടെ വെച്ചാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്.
മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.



