കോട്ടയം: കാലിഫോർണിയയിൽ സുഹൃത്തുക്കളായ രണ്ട് യുവതികൾ കൊല്ലപ്പെട്ടു. തൃശ്ശൂർ സ്വദേശിയായ അഞ്ജന (35), തിരുവനന്തപുരം സ്വദേശിയായ ആൻമേരി (40) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സുഹൃത്ത് കൂടിയായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ജനയെ കാർ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതറിഞ്ഞ ആനിൻ്റെ ഭർത്താവ് അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ആൻ മേരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ആൻ മേരിയെ കൊലപ്പെടുത്തിയതിനു ശേഷം അനില അഞ്ജനയെ വിളിച്ചുവരുത്തി കാറിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്ന് പറയുന്നു. മൂന്നുപേരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഓണാഘോഷത്തിനും സിനിമയ്ക്കും പോവാനും ഇവർ മൂന്നുപേരും ഒരുമിച്ചായിരുന്നു പോയിരുന്നത്.
മൂന്നുപേരും ഒരേ അപ്പാർട്ട്മെൻ്റിൽ കുടുംബസമേതം ആയിരുന്നു താമസിച്ചു കൊണ്ടിരുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയ പീച്ചി സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ആറു വയസ്സുകാരി വാമികയാണ് ഇവരുടെ മകൾ. അഞ്ജന അധ്യാപികയായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശി ജേക്കബ് ആണ് ആൻ മേരിയുടെ ഭർത്താവ്. ഇവർക്ക് ആൻ ട്രീസ (12), അനീസ (5) എന്നിവർ മക്കളാണ്.



