കൊച്ചി: സംസ്ഥാനത്തെ ക്ഷീര ഉപഭോക്താക്കൾക്ക് ഇന്നുമുതൽ കൂടുതൽ ചെലവ്. മിൽമ പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം വിവിധ വിഭാഗങ്ങളിലുള്ള പാലിൻ്റെ വിലയിൽ മാറ്റം ഉണ്ടായിട്ടുണ്ട്.
ഡബിൾ ടോൺഡ് വിഭാഗത്തിലുള്ള മിൽമ സ്മാർട്ട് പാലിന്റെ അരലിറ്റർ പായ്ക്കറ്റിന് ഇനി 27 രൂപ. ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്കിന് 28 രൂപയും മിൽമ പ്രൈഡിന് 30 രൂപയും കൂടി. സ്റ്റാൻഡേർഡൈസ്ഡ് വിഭാഗത്തിലുള്ള മിൽമ റിച്ചിന്റെ അരലിറ്റർ പായ്ക്കറ്റിന് പുതിയ വില 32 രൂപയായി നിശ്ചയിച്ചു.
ഉത്പാദന-വിതരണ ചെലവുകളിലുണ്ടായ വർധന കണക്കിലെടുത്താണ് വില പുതുക്കിയത്. പുതിയ നിരക്ക് നിലവിൽ വന്നതോടെ കുടുംബ ബജറ്റിൽ അധിക ബാധ്യത ഉണ്ടാകുമെന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉയരുന്നു.



