ഭോപാൽ: അഞ്ചുമാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ. മധ്യപ്രദേശിലെ ഭോപാലിൽ ആണ് നോയിഡ സ്വദേശിയായ ട്വിഷ ശർമ(33)യെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ സ്ത്രീധന-ഗാർഹിക പീഡനമാണ് ട്വിഷയുടെ മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു.
ട്വിഷയുടെ വിവാഹത്തിന് ശേഷം പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപങ്ങൾ തങ്ങളുടെ പേരിലേക്ക് മാറ്റാൻ ഭർത്താവ് സമർഥും ജഡ്ജി കൂടിയായ ഭർതൃമാതാവും നിരന്തരം യുവതിയെ സമ്മർദ്ദം ചെലുത്തിയിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു. കൂടാതെ അടുത്തിടെ ഗർഭിണിയായ ട്വിഷയെ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും ഇത് തങ്ങളുടെ മകളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
അതേസമയം യുവതിയുടെ ശരീരത്തിൽ ചില മുറിവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒരാഴ്ച മുൻപ് ഗർഭഛിദ്രം നടന്നതായും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



