ന്യൂഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ ഡൽഹിയിൽ വെള്ളിയാഴ്ച രാത്രിയിൽ കണ്ടത് നാടകീയമായ സംഭവങ്ങൾ.
മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് എംഎസ്എഫ് പ്രവർത്തകർ വൻ സ്വീകരണം നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ അവർ മുദ്രാവാക്യം വിളിച്ചു. കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും രമേശ് ചെന്നിത്തല എത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച നേതാക്കൾ ഡൽഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെയാണ്.
കേരളത്തിൽ നടക്കുന്ന പോസ്റ്റർ യുദ്ധത്തിന്റെയും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളുടെയും തുടർച്ചയായിരുന്നു ഡൽഹിയിലും കണ്ടതെന്നാണ് വിലയിരുത്തൽ. വിദ്യാർഥി സംഘടനാ പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവക്യംവിളിക്കെതിരേ കടുത്ത അതൃപ്തിയാണ് കെപിസിസി അധ്യക്ഷനടക്കമുള്ള ഒരുവിഭാഗം നേതാക്കൾക്കുള്ളത്.
അതേസമയം കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മെയിലിലുള്ളത്. അതേസമയം, പ്രിയങ്കയുടെ മണ്ഡലത്തിൽ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.



