നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ. തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി.
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ ശ്രീലങ്കൻ വംശജയായ സുഭാഷിണി ചെന്നൈ അയ്യപ്പൻതങ്കലിലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്.
ഭർത്താവിനെ ഞായറാഴ്ച രാത്രി വിഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവർ മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വിഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 12-ന് 37-ാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് നടിയുടെ മരണം. സുഭാഷിണി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അവസാനത്തെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
മരണത്തിന് രണ്ട് ദിവസം മുമ്പ്, ഏപ്രിൽ 4-നാണ്, സുഭാഷിണി ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചത്. ഒരു കാട്ടിലൂടെ സന്തോഷവതിയായും ശാന്തയായും നടന്നു നീങ്ങുന്ന സുഭാഷിണിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. “ലൈഫ് ലേറ്റ്‌ലി” (Life Lately) എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് താരം തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



