കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനായഡോ. കെ. റാമിനെതിരേ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. നിതിൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും അധ്യാപകൻ നിതിനെ സ്ഥിരമായി പ്രയാസപ്പെടുത്തിയിരുന്നെന്നും സഹപാഠികൾ വെളിപ്പെടുത്തി. നിതിന്റെ വീട്ടിലെത്തിയ സഹപാഠികൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അധ്യാപകന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞത്.
‘‘സര്‍ എന്ന് വിളിക്കാന്‍ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്. ഒരു കോളജിലും ഒരു കുട്ടിയേയും പഠിപ്പിക്കാന്‍ പാടില്ല, സാര്‍ അല്ല അത്’’ സഹപാഠിയായ ഒരു പെണ്‍കുട്ടിപറയുന്നു. ക്ലാസ് റൂമിൽ ബോഡി ഷെയിമിങ് ഉണ്ടെന്നും പലരും പരാതി പറയാത്തത് പ്രതികാരം ചെയ്യുമോ എന്ന് ഭയന്നിട്ടാണെന്നും സഹപാഠികൾ ആരോപിച്ചു.
‘നിതിന്റെ പേപ്പര്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ഓരോ കുട്ടികളെ കൊണ്ടും വായിപ്പിച്ച് അവനെ വല്ലാതെ ഹരാസ് ചെയ്തിരുന്നു. ക്ലാസില്‍ എല്ലാ കുട്ടികളെയും ബോഡി ഷെയ്മിങ് ചെയ്തിരുന്നു. എന്നെ ഫാറ്റി ഗേള്‍ എന്ന് വിളിക്കാറുണ്ട്. നിറം കുറവാണെങ്കില്‍ കറുത്തിട്ടാണെന്നു പറയും. നിറം കൂടിയ കുട്ടിയാണെങ്കില്‍ ‘ഓ യു ലുക്ക് ലൈക് സിന്‍ഡ്രല്ല’ എന്നും പറയും. ക്ലാസില്‍ വന്നാലും ഒന്നും പഠിപ്പിക്കില്ല. മതപരമായ കാര്യങ്ങള്‍ പറയുകയും ബോഡി ഷെയ്മിങ്ങുമായിരുന്നു പ്രധാനം. സീനിയേഴ്‌സിനോടും അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഞാന്‍ ഒരാളെ കൊന്നിട്ടുണ്ടെന്ന് സാര്‍ ക്ലാസില്‍ പബ്ലിക് ആയിട്ട് പറഞ്ഞിട്ടുണ്ട്. പല തവണ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല സഹപാഠികൾ പറഞ്ഞു



