ബെംഗളൂരു : ബെംഗളൂരുവിൽ കഴുത്തറത്ത് നാലംഗകുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം. സംഭവത്തിൽ അമ്മയും മകളും മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയ ആശയുടെ മകൻ മോഹൻ ഗൗഡ(32)യും വർഷിതയുടെ 11 വയസ്സുള്ള മകനും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക ബാധ്യതയാണെന്നും മറ്റുള്ളവരുടെ കഴുത്തറത്തശേഷം മോഹൻ ഗൗഡ സ്വയം കഴുത്തറത്ത് മരിക്കാൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
ചിട്ടിയും പടക്കക്കച്ചവടവും ഉൾപ്പെടെ നടത്തിയിരുന്ന മോഹൻ ഗൗഡയ്ക്കുണ്ടായ വൻ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് നിഗമനം. സംഭവത്തിന് മുൻപ് ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ റെക്കോഡ് ചെയ്ത് ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു. വീഡിയോ കണ്ടതോടെ ബന്ധുക്കൾ ഇവരുടെ വീട്ടിലേക്കെത്തി. എന്നാൽ, വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് നാലുപേരെയും ചോരയിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)



