തൃശ്ശൂർ : ദേശീയപാത 66 ൽ കാർ ലോറിയിൽ ഇടിച്ച് എട്ട് യുവാക്കൾക്ക് ദാരുണമായ അന്ത്യം. കൈയ്പ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ അമിതവേഗത്തിൽ വന്നിടിക്കുകയായിരുന്നു. ഏഴ് എഞ്ചിനീയറിങ് വിദ്യാർത്ഥികളും കാറിന്റെ ഡ്രൈവറും ആണ് മരിച്ചത്.
സന്തോഷ് ,പ്രസന്ന (മധുര), മുരളി കൃഷ്ണൻ, സൂര്യ, യുവ സഞ്ചിത, ജോഷ്വാ (ഡിണ്ടിഗൽ), വിശ്വ (സേലം), ജീവ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കാർ പൂർണമായും തകർന്നു. വാഹനം വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ലോറി ഇട്ടിരുന്നത് തെറ്റായ ദിശയിലായിരുന്നു എന്നാണ് പറയുന്നത്. തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള കാർ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്ത് കിടന്ന ലോറിയിൽ ഇടിച്ചു കയറിയത്. അപകടം അറിഞ്ഞ് നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് യുവാക്കളെ പുറത്തെടുത്ത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്ത് പോലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ് . രാവിലെ 9 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. അതിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



