തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ. ധവളപത്രം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ യുഡിഎഫ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ധവളപത്രം പുറത്തിറക്കുമെന്നത്.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. തനിക്ക് പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാൽ, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
അതേസമയം ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ എൻ ബാലഗോപാൽ വിമര്‍ശിച്ചു.
അതേസമയം കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ
സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്തിൻ്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നു ധവളപത്രം വ്യക്തമാക്കുന്നു.
കിഫ്ബി വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.



