ഹൈദരാബാദ്: ഹൈദരാബാദിൽസ്ത്രീധന പീഡനത്തെത്തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി. ബിഹാർ സ്വദേശിനി ഇഷിത യാദവ് (26) ആണ് സൈബരാബാദിലെ അപ്പാർട്ട്‌മെന്റിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 20-നാണ് വിവാഹിതരായത്. എന്നാൽ വിവാഹത്തിന് ശേഷം സ്ത്രീധനത്തിനായി നീരജ് ഇഷിതയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
കൂടാതെ നീരജ് അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി.
ജോലി ആവശ്യങ്ങൾക്കായി ഹൈദരാബാദിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. ഇഷിതയുടെ കുടുംബത്തിന്റെ പരാതിയിൽ മിയാപൂർ പോലീസ് കേസെടുക്കുകയും നീരജിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)



