കൊച്ചി: കൊച്ചി നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസിന്റെ വൻ ലഹരിവേട്ട. പോലീസ് ആഡംബര ഹോട്ടലിൽനിന്നും മയക്കുമരുന്നുമായി എട്ടുപേരെ പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
സംഘത്തിൽ യുവതികൾ ഉൾപ്പെടെ ഉണ്ട്. ഡോക്ടറും അഭിഭാഷകനും ഇവന്‍റ് മാനേജ്മെന്‍റ ഉടമയുമടക്കം 8 പേരാണ് ഇന്നലെ മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലായത്. ലഹരി പാർട്ടി സംഘടിപ്പിക്കുന്നതും ലഹരി വിദേശത്ത് നിന്നെത്തിക്കുന്നതും ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തില്‍. ഇന്ത്യയിൽ ലഭ്യമല്ലാത്ത മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ എത്തിച്ചത് തായ്ലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ (ഷോൺ-44), റസ്റ്ററന്റ് നടത്തുന്ന കലൂർ സ്വദേശി ഓസ്റ്റിൻ ജോസ് (31), കലൂർ സ്വദേശി അഡ്വ. രോഹിത് നായർ (25), ബിസിനസുകാരനായ ആലുവ സ്വദേശി ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷൻ അക്ബർ ഷാ (30), പന്തളം സ്വദേശിനിയായ ദന്തഡോക്ടർ ബെൻസി റാവുത്തർ (29), ഫിസിയോ തെറപ്പിസ്റ്റായ കൊല്ലം സ്വദേശിനി സെയ്തലി ഫാത്തിമ (29), ഏവിയേഷൻ വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി അമൽ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.



