കാൺപൂർ: നീണ്ട ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി രണ്ട് മാസത്തിനുള്ളിൽ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ബറേലിയിലെ ഇസത്ത്‌നഗറിൽ ആണ് സംഭവം.
33 കാരനായ ജിതേന്ദ്ര കുമാർ യാദവിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഭാര്യയായ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിതേന്ദ്ര കുമാർ യാദവിനെ ജനുവരി 26 നാണ് വാടക വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ ആണെന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിച്ചാണെന്ന് തെളിഞ്ഞതോടെ ആണ് ക്രൂര കൊലപാതകം പുറത്ത് വന്നത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ ഭാര്യ ജ്യോതിയും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഇരുവരുടേയും വിവാഹത്തിനു ശേഷം പണത്തെ ചൊല്ലി വലിയ തർക്കവും വഴക്കും തുടങ്ങിയിരുന്നതായാണ് വിവരം. ജിതേന്ദ്ര പണം ഓൺലൈൻ ചൂതാട്ടം നടത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ ജിതേന്ദ്ര ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപയെടുത്ത് ഓൺലൈൻ ചൂതാട്ടം നടത്തി. എന്നാൽ ഈ പണം നഷ്ടപ്പെട്ടു. ഇതോടെ പണത്തിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കായി. ജനുവരി 26നും ഇരുവരും തമ്മിൽ തർക്കവും വയ്ക്കും ഉടലെടുത്തു.
അന്ന് രാത്രി ജ്യോതിയുടെ വീട്ടുകാർ ഇവരുടെ വീട്ടിൽ എത്തി ജിതേന്ദ്ര വാക്കേറ്റത്തിലായി. ഇതിനിടെ ജ്യോതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മരിച്ചതോടെ യുവതിയും കുടുംബവും ചേർന്ന് മൃതദേഹം ജനാലയിൽ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



