Sunday, March 1, 2026
spot_imgspot_imgspot_img
HomeLocal NewsPalaനിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി

പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ത്രികോണ മത്സരത്തിനു കളമൊരുങ്ങി. പാലായുടെ ചരിത്രത്തിലാദ്യമായിട്ടാണ് ത്രികോണ മത്സരം അരങ്ങേറുന്നത്. ഇടതു-വലതു മുന്നണികൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ഇതുവരെ പാലാ സാക്ഷ്യം വഹിച്ചിരുന്നതെങ്കിൽ ബി ജെ പി സ്ഥാനാർത്ഥിയായി പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജ് രംഗത്തു വരുന്നതോടെയാണ് ത്രികോണ മത്സരത്തിന് പാലാ സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുന്നത്.

നിലവിലെ എം എൽ എ മാണി സി കാപ്പനും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും ഇത്തവണയും യഥാക്രമം യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികളായി മത്സരരംഗത്തു വരുന്നത്. കഴിഞ്ഞ തവണ മാണി സി കാപ്പൻ നേരിട്ടുള്ള പോരാട്ടത്തിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയായിരുന്നു.

ജോസ് കെ മാണിയോടുള്ള എതിർപ്പായിരുന്നു മാണി സി കാപ്പൻ്റെ തുറുപ്പ് ചീട്ട്. ഉപതെരഞ്ഞെടുപ്പിൽ മൂന്നു തവണ തെരഞ്ഞെടുപ്പിൽ തോറ്റതാണെന്ന സഹതാപ തരംഗവും കാപ്പന് അനുകൂലമായി മാറിയിരുന്നു. അന്ന് അധികാരത്തിലിരുന്ന ഇടതുമുന്നണി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പാലായിൽ എത്തിച്ചു. ഇതിനിടെ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളെത്തുടർന്ന് ജോസ് കെ മാണി ഇടതു മുന്നണിയിൽ എത്തി. തുടർന്നു മാണി സി കാപ്പന് സിറ്റിംഗ് സീറ്റായ പാലാ ഇടതുമുന്നണി നിഷേധിച്ചു. ഇതേത്തുടർന്നു മാണി സി കാപ്പൻ യു ഡി എഫിൽ എത്തി. കാപ്പന് സീറ്റ് നിഷേധിച്ചതിൻ്റെ സഹതാപവും ഇടതുമുന്നണി വഴി കാപ്പൻ പാലായിൽ എത്തിച്ച വികസനവും വർഷങ്ങളായി ഇടതുമായി ചേർന്നു നിന്ന ആത്മബന്ധവും കേരളാ കോൺഗ്രസ് വിരോധവും ചേർന്നപ്പോൾ ഇടതു തരംഗത്തിലും കാപ്പൻ പാലായുടെ ‘ചങ്കാ’യി മാറി.

എന്നാൽ കാപ്പന് അനുകൂലമായ പല ഘടകങ്ങളും ഇപ്പോൾ അപ്രത്യക്ഷമായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാര്യമായി പാലായിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇടതുമുന്നണിയും കേരളാ കോൺഗ്ര(എം) സും വികസനം തടസ്സപ്പെടുത്തുന്നുവെന്ന് പറയുന്നത് പല്ലവിയാക്കിയെങ്കിലും ഇടതുമുന്നണിക്കും കേരളാ കോൺഗ്രസി (എം)നുമെതിരെ നിയമസഭയിലോ പാലായിലോ ഒരു പ്രത്യക്ഷസമരം നടത്താൻ പോലും ശ്രമിക്കാത്തത് കഴിവുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ കാലങ്ങളിൽ ഇടതുമുന്നണിയിൽ നിന്നു ലഭിച്ച വോട്ടുകളും ഇത്തവണ കാപ്പന് ലഭിക്കില്ല. ഇടതുമുന്നണി വോട്ടുകൾ ചോർന്നാൽ അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന നിലയിൽ എത്തിയതോടെ ഇടതുമുന്നണി അതിനെ ഗൗരവത്തിൽ എടുക്കുകയും അണികൾക്കു നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് വോട്ടു നൽകിയാൽ സി പി ഐ എം ഉൾപ്പെടെയുള്ളവരുടെ പാലായിലെ പ്രവർത്തനത്തിൻ്റെ അസ്തിത്വത്തെ തന്നെയാണ് ചോദ്യം ചെയ്യപ്പെടുതെന്ന തിരിച്ചറിവും ഇടതു പ്രവർത്തകരിൽ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാലായിൽ എന്തു ചെയ്തുവെന്നതിനു ഉത്തരം നൽകാൻ കഴിയാത്തത് സർക്കാർ വിരുദ്ധ തരംഗം ഉണ്ടായാലും യു ഡി എഫ് പാലായിൽ വിയർക്കും. പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരം വേണമെന്ന ആഗ്രഹം കോൺഗ്രസ് (ഐ) പ്രവർത്തകർ നാളുകളായി പങ്കു വയ്ക്കുന്നുണ്ട്. അതിനുള്ള സാധ്യത കോൺഗ്രസ് (ഐ) പ്രവർത്തകർ തേടുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. കോൺഗ്രസ് (ഐ), കേരളാ കോൺഗ്രസ് പ്രവർത്തകരുടെ പിൻബലമില്ലെങ്കിൽ പാലായിൽ ബൂത്ത്തല പ്രവർത്തനംപോലും എം എൽ എ യുടെ പാർട്ടിയ്ക്ക് അപ്രാപ്യമാണ്.

സാമൂഹ്യമാധ്യമങ്ങളിൽ ജോസ് കെ മാണിക്കെതിരെ പ്രചാരണം നടക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ മുൻകാലങ്ങളിലെ എതിർപ്പ് ജോസ് കെ മാണിക്കെതിരെ ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷവും ജോസ് കെ മാണി സജീവമായിരുന്നു. ഇടതു വിരുദ്ധ തരംഗവും പാർട്ടിയിലെ ചിലരുടെ പ്രവർത്തനങ്ങളും ജോസ് കെ മാണിയ്ക്ക് പ്രതികൂല ഘടകമായി കരുതപ്പെടുന്നു.

ഷോൺ ജോർജിൻ്റെ വരവ് പാലായിൽ ബി ജെ പിയുടെ നില മെച്ചപ്പെടുത്തും. പഴയ പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന ഭരണങ്ങാനം, തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, കടനാട് തുടങ്ങിയ പഞ്ചായത്തുകളിൽ പി സി ജോർജിനുള്ള സ്വാധീനം ഷോൺ ജോർജിന് ഗുണം ചെയ്യും. പി സി ജോർജിൻ്റെ അനുഭാവികളുടെ വോട്ടുകൾ മുഴുവൻ ഒന്നൊഴിയാതെ മുമ്പ് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും കാപ്പൻ്റെ പെട്ടി നിറയ്ക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു. ഷോൺ ജോർജിൻ്റെ വരവോടെ ഇതപ്പാടെ ചോർന്നു പോകുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ക്രിസ്ത്യൻ മേഖലയിലെ പരമാവധി വോട്ടുകൾ ഷോൺ വഴി സാമാഹരിക്കാമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. ഇതിനു മുന്നൊരുക്കമെന്ന നിലയിൽ വിവിധ പാർട്ടികളിൽപ്പെട്ടവരെ ഷോണിൻ്റെ നേതൃത്വത്തിൽ ബി ജെ പിയിൽ എത്തിച്ചിരുന്നു. യുവാവെന്ന പരിഗണനയും കിട്ടുമെന്ന് ഷോൺ പ്രതീക്ഷിക്കുന്നു.

യു ഡി എഫ് പ്രതീക്ഷ

പ്രതീക്ഷ

ഇടതു വിരുദ്ധ തരംഗം, കേരളാ കോൺഗ്രസ് (എം) – ജോസ് കെ മാണി വിരുദ്ധ വോട്ട്, എം എൽ എ യോടുള്ള താത്പര്യം, ഇടതു വോട്ടുകൾ.

എൽ ഡി എഫ് പ്രതീക്ഷ

എം എൽ എ യുടെ പ്രവർത്തനമില്ലായ്മ, കോൺഗ്രസ് (ഐ), കേരളാ കോൺഗ്രസ് അതൃപ്തി, ജോസ് കെ മാണി, കേരളാ കോൺഗ്രസ് വിരുദ്ധത ഇല്ലാതായതിൻ്റെ മികവ്, യു ഡി എഫിനു കിട്ടിയിരുന്ന പി സി ജോർജ് വിഭാഗത്തിൻ്റെ വോട്ട് യു ഡി എഫിന് നഷ്ടമാകുന്നത്, ഇടതു വോട്ടുകൾ നഷ്ടമാകാതിരിക്കുന്നത്.

ബി ജെ പി പ്രതീക്ഷ

6 പഞ്ചായത്തുകളിലെ പി സി ജോർജിൻ്റെ സ്വാധീനം, ഷോൺ ജോർജിൻ്റെ യുവത്വം, ക്രൈസ്തവ – ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, യു ഡി എഫിനോടും എൽ ഡി എഫിനോടും ഉള്ള എതിർപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments