കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തോടെ തുടക്കം.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ മാജിക് ആയിരുന്നു. ലോകകപ്പ് കരിയറിലെ തന്റെ ആദ്യ ഹാട്രിക്കുമായി കളം നിറഞ്ഞ മുപ്പത്തിയെട്ടുകാരനായ മെസ്സി, ഫുട്‌ബോള്‍ ചരിത്രത്തിലെ ഒന്നൊന്നര റെക്കോര്‍ഡുകളാണ് തല്ലിത്തകര്‍ത്തത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീന അള്‍ജീരിയന്‍ ബോക്‌സിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാത്തിരുന്ന 17-ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി.
ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീനയ്ക്ക് മുന്നേറ്റങ്ങള്‍ നടത്താന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. എന്നാല്‍ ഒരു ഒന്നാന്തരം കൗശലക്കാരനെപ്പോലെ ബോക്‌സില്‍ നിലയുറപ്പിച്ച മെസ്സി, അള്‍ജീരിയന്‍ ഗോളി തടുത്തകറ്റിയ പന്ത് കൃത്യമായി വലയിലെത്തിച്ച് അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ അള്‍ജീരിയന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ മെസ്സി തന്റെ ഹാട്രിക് തികച്ചു ആദ്യ ലോകകപ്പ് ഹാട്രിക്.
ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമാണ് മെസ്സി എത്തിയത്. ക്ലോസെയ്ക്കും മെസ്സിക്കും 16 ഗോള്‍ വീതമായി. 15 ഗോള്‍ നേടിയ ബ്രസീല്‍ താരം റൊണാള്‍ഡോയെ മെസ്സി മറികടന്നു. കിലിയന്‍ എംബാപ്പെയ്ക്ക് 14 ഗോളുണ്ട്. ഈ ലോകകപ്പ് ഇനി മെസ്സി-എംബാപ്പെ ഗോള്‍ പോരാട്ടത്തിന് കൂടി സാക്ഷ്യം വഹിക്കും.



