മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ.
‘ഉമ്മ അപ്പുറത്തുണ്ട്. ഡോക്ടർ നോക്കിക്കൊണ്ടിരിക്കുന്നു. ഡോക്ടർ നോക്കിക്കഴിഞ്ഞാൽ ഉമ്മ എന്റടുത്തേക്കു വരും’– പത്തുവയസ്സുകാരി മസ്നീൻ പൊള്ളാച്ചിയിലെ ആശുപത്രിക്കിടക്കയിൽ കിടന്ന് ഇതു പറയുമ്പോൾ കേട്ടു നിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞു. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇതുവരെയും ഉമ്മ ഷക്കീനയുടെ മരണ വിവരം മസ്നീനെ അറിയിച്ചില്ല. തകർന്ന വാഹനത്തിനുള്ളിൽ നിന്ന് മസ്‌നീനെ പിന്നാലെ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടൻ തന്നെ മസ്നീനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതേസമയം വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.



