ബംഗളൂരു: മുസ്ലീം വിദ്യാർത്ഥിക്ക് നേരെ വർഗീയ പരാമർശം നടത്തിയ അദ്ധ്യാപകനെ സർവകലാശാല സസ്‌പെൻഡ് ചെയ്‌തു. ബംഗളൂരുവിലെ പിഇഎസ് സർവകലാശാലയിൽ ആണ് സംഭവം
ഒരാളെ കാണാനായി ക്ലാസിൽനിന്ന് പുറത്തേക്ക് പോകാൻ അനുവാദം ചോദിച്ച അഫാൻ എന്ന വിദ്യാർത്ഥിയോടാണ് ഡോ. മുരളീധർ ദേശ്പാണ്ഡെ എന്ന പ്രൊഫസർ അധിക്ഷേപകരവും വർഗീയവുമായ പരാമർശങ്ങൾ നടത്തിയത്. പ്രകോപിതനായ മുരളീധർ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അഫാനെ തീവ്രവാദി എന്ന് വിളിക്കുകയും, ‘നിനക്ക് നാണമില്ലേ. ഇന്ന് സമാധാനത്തോടെയിരിക്കാമെന്ന് ഞാൻ കരുതി. തീവ്രവാദി. ഇറാൻ യുദ്ധത്തിന് തന്നെപ്പോലുള്ളവരാണ് കാരണം. ഡൊണാൾഡ് ട്രംപ് വന്ന് നിന്നെ കൊണ്ടുപോകും. നീ നരകത്തിൽ പോകും’, എന്ന് അദ്ധ്യാപകൻ പറയുന്നതിന്റെ വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വിദ്യാർത്ഥിയാണ് ഇത് ഫോണിൽ പകർത്തിയത്.
സംഭവം വിവാദമായതോടെ വിദ്യാർഥികളുടെ പരാതിയിന്മേൽ പ്രൊഫസറെ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
എന്നാൽ, അധിക്ഷേപത്തിന് ഇരയായ വിദ്യാർത്ഥിയെ പിന്തുണച്ചതിന് മറ്റ് മൂന്ന് വിദ്യാർത്ഥികളെയും കൂടി സർവകലാശാല സസ്‌പെൻഡ് ചെയ്തതായി സഹപാഠികൾ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുന്നതേയുള്ളൂ എന്ന് വൈസ് ചാൻസലർ അറിയിച്ചു.



