മൊബൈൽ റീചാർജ് വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ കേന്ദ്ര നിർദേശം; തൻ്റെ ഇടപെടലുകളുടെ ഫലമെന്ന് കൊടിക്കുന്നിൽ സുരേഷ്
ഡൽഹി: മൊബൈൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് തന്ത്രം അവസാനിക്കുന്നു.
പകരം വാലിഡിറ്റി 30 ദിവസമായി വർധിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ പ്ലാൻ പ്രകാരം ഉപഭോക്താവിന് ഒരു വർഷം 13 തവണയാണ് റീചാർജ് ചെയ്യേണ്ടി വരുന്നത്. പുതിയ ഉത്തരവ് നടപ്പിലായാൽ അത് 12 ആയി കുറയും.
അതേസമയം പാർലമെൻ്റിൽ താൻ നടത്തിയ ഇടപെടലുകളുടെ ഫലമാണ് പുതിയ മാറ്റമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി അവകാശപ്പെട്ടു. ലോക്സഭയിൽ 2025 ഡിസംബറിലെ വിൻ്റർ സെഷനിലും 2026 മാർച്ചിലെ ബജറ്റ് സെഷനിലും താൻ നടത്തിയ ഇടപെടലുകളുടെ തെളിവുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് എംപി അവകാശ വാദം നടത്തിയത്.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ…
മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസം – പാർലമെന്‍റിലെ ഇടപെടലിന് ഫലം
രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റത്തിന് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് വലിയ ആശ്വാസകരമായ സംഭവവികാസമാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. ഇത് ഉപഭോക്തൃ അവകാശ സംരക്ഷണത്തിലേക്കുള്ള ഒരു പ്രധാന മുന്നേറ്റമാണ്. ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ടി വന്നിരുന്നു.
ഒരേ സേവനങ്ങൾക്ക് കുറവ് കാലാവധിയിലൂടെ കൂടുതൽ തുക ഈടാക്കുന്ന ഈ രീതി സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തികഭാരമായി മാറിയിരുന്നു. ഇനി 30 ദിവസത്തെ പ്ലാനുകൾ പ്രചരിപ്പിക്കപ്പെടുന്നതോടെ വർഷത്തിൽ 13 റീചാർജിൽ നിന്ന് 12 ആയി കുറയാനും, വാർഷിക ചെലവ് കുറയാനും, കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പാക്കാനുമുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
ഈ മാറ്റത്തിന് പിന്നിൽ പാർലമെന്റിൽ ഞാൻ നടത്തിയ ശക്തമായ ഇടപെടലുകളാണ്. ലോക്സഭയിൽ ചോദ്യങ്ങളിലൂടെ 28 ദിവസത്തെ വാലിഡിറ്റി പരോക്ഷമായ അധിക ചാർജ്ജിംഗാണോ എന്നതും, ഇതുമൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ, ഇത്തരത്തിലുള്ള അന്യായ ബില്ലിംഗ് രീതികൾ നിയന്ത്രിക്കാൻ ടെലികോം വകുപ്പ് (DoT)യും TRAIയും സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, 30 ദിവസത്തെ യഥാർത്ഥ മാസവാലിഡിറ്റി പ്ലാനുകൾ നിർബന്ധമാക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ ഇടപെടലുകളുടെ ഫലമായി കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ട സാഹചര്യം ഉണ്ടായി.
എന്നാൽ, ഇത് ഒരു തുടക്കമാത്രമാണ്. 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം പൂര്‍ണമായും അവസാനിപ്പിക്കുകയും, എല്ലാ ഉപഭോക്താക്കൾക്കും സുതാര്യവും നീതിയുള്ളതുമായ യഥാർത്ഥ മാസ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സാധാരണ ജനങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ എന്റെ ഇടപെടൽ തുടരുമെന്നും, ഈ അന്യായ സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഉറപ്പുനൽകുന്നു.
2025 ഡിസംബർ മാസം വിന്‍റർ സെഷനിൽ ലോകസഭയിൽ നടത്തിയ ഇടപെടൽ.



