കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുടുക്കിയെന്ന് കാട്ടി വീണാ ജോർജിനെതിരെ പരാതി. കോൺഗ്രസ് നേതാവ് ടി.ഒ മോഹനനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.
ഈ മാസം 25 ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന് കാട്ടി മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിക്കെതിരെയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.
മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.



