ദില്ലി: തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. നായകള്‍ കടിക്കാതിരിക്കാൻ കൌണ്‍സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞത്.
അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണെന്നും റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘നായ്ക്കളുടെ കടി മാത്രമല്ല കാര്യം. അവ ഉണ്ടാക്കുന്ന മറ്റു ഭീഷണികൾ കൂടിയുണ്ട്, അപകടങ്ങളുൾപ്പെടെ. എങ്ങനെ തിരിച്ചറിയാൻ കഴിയും? രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കറിയില്ല.’ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസിലിങ് നൽകുക മാത്രമേ ഇനി ചെയ്യാനായി ബാക്കിയുള്ളുവെന്നും കോടതി പറഞ്ഞു.
2025 നവംബറിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവം വർധിക്കുന്നതു കണക്കിലെടുത്ത് നായ്ക്കളെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
കേസിലെ വാദം നാളെയും തുടരും. സംസ്ഥാനങ്ങളോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ടും സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.



