കൊല്ലം: കൊല്ലത്ത് 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു റീൽസിലും താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മുരാരി.
മുരാരി ജ്യോതിഷാലയം എന്ന യൂ ട്യൂബ് പേജ് വഴി പ്രവചനങ്ങളും അവകാശവാദങ്ങളും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ‘നടൻ ദിലീപിനെ വെറുതെ വിട്ടത് തൻ്റെ പൂജയുടെ ഫലം, ഷിരൂരിൽ അർജുൻ്റെ വാഹനം കിടന്ന ദിശ പ്രവചിച്ചിരുന്നു, ഓയൂരിൽ തട്ടിക്കൊണ്ടു പോയ 6 വയസുകാരിയെ കണ്ടെത്തിയ സമയവും പ്രവചിച്ചിരുന്നു’വെന്ന് പറഞ്ഞ് മുരാരി തന്ത്രി ആളുകളെ വിശ്വസിപ്പിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നാണ് മുരാരി ജ്യോത്സ്യന്റെ വേഷം അണിയുന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായിരുന്ന ലോറി ഡ്രൈവർ അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രവചനവും ഇയാൾ നടത്തിയിരുന്നു. ഇതോടെ വ്യാജ ജ്യോത്സ്യൻ എന്ന് വിമർശനവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഇയാളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ബാധയൊഴിപ്പിക്കലിൻ്റെ മറവിൽ 16 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. രാത്രി മുഴുവൻ തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പുത്തൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഭരണക്കാവിലെ ലോഡ്ജിൽ ഉണ്ടെന്ന് മനസിലാക്കി. രഹസ്യ നീക്കത്തിലൂടെ പ്രതിയെ ലോഡ്ജിൽ നിന്ന് പിടികൂടി.



