കൊച്ചി: കൊച്ചി വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയെ ആണ് വൈറ്റില മേല്‍പ്പാലത്തിന് താഴേയുള്ള റെയില്‍വേ ട്രാക്കിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുധയെ പ്രതി കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനം കാരണമെന്ന് പോലീസ് പറയുന്നു.
തന്റെ കുടുംബം തകര്‍ക്കുമെന്ന ഭീഷണി മുഴക്കിയതാണ് അക്രമിത്തിനും കൊലപാതകത്തിലേക്കും നയിച്ചത്. പ്രതി ഷാജി സുധയുടെ മുഖത്ത് പലതവണ മുഷ്ടിചുരുട്ടി ഇടിച്ചു. കരിങ്കല്ലിലേക്ക് വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവതി ബഹളംവച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു. മരട് പൊലീസിന്റെ കസ്റ്റഡിയിലാണ് പൊന്നുരുന്നി സ്വദേശി പ്രതി ഷാജി.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറില്‍ വന്നിറങ്ങിയത്. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയ്‌ക്കൊപ്പം ഹൈക്കോടതില്‍ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവര്‍ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



