പത്തനംതിട്ട: ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന്. സംക്രമ പൂജ 14-ന് പകൽ 2.45ന് നട തുറന്ന്ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകരസംക്രമപൂജ നടക്കുക.
പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കും. 12, 13 തീയതികളില്‍ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും.
അതേസമയം മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂപോയിന്റുകളാണുള്ളത്. ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി. വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. സന്നിധാനത്ത് തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണര്‍ ഹൗസ് മുറ്റം, ഇന്‍സിനറേറ്റര്‍, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടല്‍ സമുച്ചയത്തിന്റെ പിന്നിലെ വിശാലമായ ഗ്രൗണ്ട്, ദര്ശന് കോംപ്ലക്സ് പരിസരം, ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗര്‍, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാന്‍ സൗകര്യമുള്ളത്.
സന്നിധാനത്ത് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ തങ്ങുന്നത് പാണ്ടിത്താവളം മേഖലയിലാണ്. ഇവിടെ ദേവസ്വം ബോര്‍ഡ് ബാരിക്കേഡ് സ്ഥാപിക്കും. എല്ലാ വ്യൂപോയിന്റുകളിലും പൊലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംവിധാനങ്ങളും ഉറപ്പാക്കും. പമ്പയില്‍ ഹില്‍ടോപ്പില്‍ മാത്രമാണ് മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമുള്ളത്.



