താൻ ഇഷ്ടപ്പെടുന്ന യുവതിയുടെയും കുടുംബത്തിന്റെയും മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വാഹനാപകട നാടകം പൊളിഞ്ഞത്.
കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന് (24), കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.
യുവാവും സുഹൃത്തും ചേര്‍ന്ന് ഡിസംബര്‍ 23-നാണ് യുവതിയുടെ വാഹനം ഇടിച്ചിട്ടത്. സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വെച്ച് രണ്ടാംപ്രതി അജാസ് കാറില്‍ പിന്തുടര്ന്ന് ഇടിച്ചുവീഴ്ത്തി ശേഷം കാര്‍ നിര്‍ത്താതെ പോയി.
പിന്നാലെ നാടകീയമായി അവിടെ വന്നിറങ്ങിയ കാമുകൻ താൻ ഭര്‍ത്താവാണെന്ന് നാട്ടുകാരോട് കള്ളം പറഞ്ഞ് പെണ്‍കുട്ടിയെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. അതുവഴി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചു പറ്റി, നല്ല ചെറുപ്പക്കാരനെന്ന് പറയിപ്പിക്കുക, പെണ്‍കുട്ടിയെ സ്വന്തമാക്കുക എന്നായിരുന്നു യുവാവിന്റെ പദ്ധതി. എന്നാൽ പെണ്‍കുട്ടിയ്ക്ക് ദേഹമാസകലം പരിക്കുണ്ടായിരുന്നു. ഇതോടെ കോന്നി പൊലീസ് പരിക്കുകള്‍ പരിഗണിച്ച് വാഹനാപകട കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കാര്‍ ഓടിച്ച അജാസിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുളള കേസാവുകയും ചെയ്തു.



