മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫ മരിച്ചു. ലോറിയുടെ ക്യാബിനിനുള്ളിലായിരുന്നു മുസ്തഫയുടെ മൃതദേഹം ഉണ്ടായിരുന്നത്. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഏഴു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ക്വാറിയിലെ വെള്ളത്തിൽനിന്ന് ലോറി ഉയർത്താനായത്. ഫയർഫോഴ്‌സും സ്‌കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ ദൗത്യത്തിനൊടുവിലാണ് ലോറി വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
അതേസമയം അപകടത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നിരുന്നു. ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായാണ് ലോറി ക്വാറിയിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ലോറി വീണതിനു പിന്നാലെ ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ സഹായിയായിരുന്നു മരിച്ച മുസ്തഫ.



