കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണ് മൂന്ന് മരണം. അഷ്‌റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്ഡ് തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.
അതേസമയം തകർന്നുവീണ കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്. കോർപറേഷൻ നേരത്തെ തന്നെ കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു എന്നാണ് വിവരം. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ട്.



