കോഴിക്കോട്: കേരളാ കോൺഗ്രസ് എം, യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി സമൂഹമാധ്യമത്തിൽ കുറിച്ചു.
ജോസ് കെ. മാണിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ് കൂടാതേ പാർട്ടിയുടെ മുഴുവൻ M.L.A മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.
സത്യം ഇതായിരിക്കേ ആരെങ്കിലും ഇതിനെതിരായി അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്താൻ മാത്രമേ ഉതുകകയുള്ളൂ കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
ഇടതുമുന്നണി കേന്ദ്ര അവഗണയ്ക്കെതിരേ തിങ്കളാഴ്ച സംഘടിപ്പിച്ച സത്യഗ്രഹത്തിൽ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നതായി ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. പിന്നാലെ മന്ത്രി റോഷി അഗസ്റ്റിൻ അതേ പരിപാടിയിൽനിന്നുള്ള ഫോട്ടോ തുടരും എന്ന കുറിപ്പോടെ പങ്കുവെച്ചതോടെ പാർട്ടി പിളരുന്നെന്ന വിധത്തിലും വാർത്തകൾ വന്നിരുന്നു.



