കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ പ്രതി ഡോക്ടർ സിറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും.
ഇയാള്‍ വാഗമണ്ണിന് സമീപം കണ്ണംകുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് അമിത വേഗതയിലെത്തിയ കാറിടിച്ച് ജാസ്ലിയ മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തുകയായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.



