കൊച്ചി: ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് വിധി തട്ടിയെടുത്തത് എങ്കിൽ കൂടിയും ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്‌ലിയ ജോൺസൺ.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.



