കാസർകോട് : കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറം ബാവനഗർ ഇല്യാസ് നഗറിലെ ഇബ്രാഹിം (62) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ മറിയത്തെ (55) മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മറിയത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അതേസമയം വീട്ടിൽ നിന്ന് നിലവിളിയും ബഹളവും കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ ഇബ്രാഹിം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് മറിയത്തെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
കാണാതായ ഇബ്രാഹിമിനെപ്പറ്റി നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ മരത്തിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.



