Sunday, March 1, 2026
spot_imgspot_imgspot_img
HomeLocal NewsPoonjarഈരാറ്റുപേട്ടയെ സമ്പൂർണ്ണ ജലസുരക്ഷാ നഗരമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ

ഈരാറ്റുപേട്ടയെ സമ്പൂർണ്ണ ജലസുരക്ഷാ നഗരമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ

കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം തേവരുപാറ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

മലങ്കര ഡാമിൽ നിന്നും വെള്ളം എത്തിച്ച് നഗരസഭയിൽ ആകെ സമ്പൂർണ്ണ ജലവിതരണം നടത്തി ഈരാറ്റുപേട്ടയെ ജല സുരക്ഷിതത്വമുള്ള ഒരു നഗരമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി നാസർ, വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഫ്സൽ ഇജാസ്, തസ്ലിൻ സിറാജ്, ഇൽമുന്നിസ ഷാഫി, ബീമ നാസർ, റൈന നൗഫൽ, നഗരസഭാ കൗൺസിലിലെ വിവിധ കക്ഷി നേതാക്കളായ സി.പി ബാസിത്, സവാദ് ഇഞ്ചക്കാട്ട്, സുനിൽ കുമാർ, സുബൈർ വെള്ളാപ്പള്ളി മറ്റ് നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.എ ഷമീർ, കെ.മുഹമ്മദ് ഹാഷിം, അനസ് നാസർ, മനാഫ് മുട്ടത്തിപറമ്പിൽ, അഡ്വ. ജെയിംസ് വലിയവീട്ടിൽ, സബീർ കുരുവിനാൽ, ഹസീബ് വെളിയത്ത്, തേവരുപാറ ജബലന്നൂർ ജുമാ മസ്ജിദ് ഇമാം ഷിബിലി നദ്‌വി, പരിപാലന സമിതി പ്രസിഡന്റ് ഷാഫി പടിപ്പുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ടാങ്ക് സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി നൽകിയ കൊച്ചുമുഹമ്മദ് മറ്റക്കൊമ്പനാലിനെ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു.

ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൽ നിന്നും ജലം ശേഖരിക്കുന്ന ഈ ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി 13 പഞ്ചായത്തുകൾക്കു വേണ്ടിയുള്ള 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമ്മാണം വാട്ടർ അതോറിറ്റിയുടെ കീഴിൽ നീലൂരിൽ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

പ്രസ്‌തുത ശുദ്ധീകരണശാലയിൽ നിന്നും 700 മി.മീ വ്യാസമുള്ള പൈപ്പുകൾ വഴിയാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്കിലേക്ക് ജലം എത്തിക്കുന്നത്.

ഇതിനായി സ്ഥാപിക്കുന്ന പൈപ്പിൽ നിന്നും തേവരുപാറ ജംഗ്ഷനിൽ വച്ച് 700 മി. മീ പൈപ്പ് ലൈനിൽ നിന്നും 300 മീ.മീ വ്യാസമുള്ള പൈപ്പുകൾ വഴി ടാപ്പ് ചെയ്‌ത്‌ തേവരുപാറയിൽ സ്ഥാപിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയിൽ എത്തിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ജലവിതരണം നടത്താനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

ഈരാറ്റുപേട്ട നഗരസഭയുടെ പ്രധാനമായും 7 മുതൽ 20 വരെയുള്ള ഡിവിഷനുകളിലെ ഉപഭോക്തൃ സമിതികളുടെ സംഭരണികളിൽ ജലമെത്തിക്കുന്നതിനും പുതിയതായി 1500 ഗാർഹിക കണക്ഷൻ നൽകുന്നതിനും കൂടാതെ നിലവിലെ കാലഹരണപ്പെട്ട നൂറു കണക്ഷനുകൾ മാറ്റി പുതിയത് നൽകുന്നതിനുമാണ് അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

ഇതിനായി നഗരസഭാ അതിർത്തിക്കുള്ളിൽ ആകെ 39 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിക്കും. ഇതോടെ ഈരാറ്റുപേട്ട നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് വലിയ പരിഹാരം കാണാൻ കഴിഞ്ഞതായും കൂടാതെ പദ്ധതിയുടെ രണ്ടാംഘട്ടമായി നഗരസഭയിലെ 29 വാർഡുകളിലും സുഗമമായ ജലവിതരണം നടത്തുന്നതിന് 50 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്കായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments