വാഷിങ്ടൻ : ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ ഇറാൻ ഭരണകൂടമാണ് ഈ ഞെട്ടിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്.
ഇറാൻ വിപ്ലവത്തിന്റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്റെ വഴികാട്ടിയുമായിരുന്ന ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്റെയും ‘ഭീകരാക്രമണത്തിൽ’ രക്തസാക്ഷിത്വം വരിച്ചതായി കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ഖമനയി കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചിരുന്നു.



