പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. താൻ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ അധിക്ഷേപിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് രാഹുലിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദമുണ്ടായെന്നും യുവതി പറയുന്നു.
ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്.
അതേസമയം പരാതി അന്വേഷണ സംഘത്തിനു ലഭിച്ചതോടെ വിഡിയോ കോൺഫറൻസിങ്ങിലൂടെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. യുവതി അടുത്ത ദിവസം നാട്ടിലെത്തി അന്വേഷണ സംഘത്തിനു നേരിട്ട് മൊഴി നൽകുമെന്നാണു സൂചന.
ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി. പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചിരുല്ല. ഇതിനുള്ള തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. രാഹുൽ സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്.വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. അടുപ്പം സ്ഥാപിച്ചശേഷം നേരിട്ടുകാണണമെന്ന് രാഹുൽ തന്നെ പറഞ്ഞു. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ബലാത്സംഗംചെയ്തു. തുടർന്ന് ബന്ധം അകലാതിരിക്കാൻ തനിക്ക് കുഞ്ഞുവേണമെന്ന് പറഞ്ഞു.
എന്നാൽ, ഗർഭിണിയായപ്പോൾ രാഹുലിന്റെ സ്വഭാവം മാറി. ഗർഭം തന്റേതല്ലെന്ന് പറഞ്ഞ് രാഹുൽ പുച്ഛിച്ചു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.
രണ്ടുതവണ യുകെ സന്ദർശനം നടത്തിയത് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കൈയിൽനിന്ന് പണം വാങ്ങിയിട്ടാണെന്നാണ് യുവതി ആരോപിക്കുന്നത്. വിലകൂടിയ വസ്ത്രങ്ങളും വാച്ചും ചെരിപ്പും വാങ്ങാനും പണം നൽകി. പതിനായിരം രൂപ വരെ വിലയുള്ള ചെരിപ്പാണ് വാങ്ങിയത്. പാലക്കാട്ട് ഒരു ഫ്‌ളാറ്റ് വാങ്ങിനൽകാനും രാഹുൽ ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിക്കുന്നു.



